ഹവാന: അമേരിക്കയിൽനിന്ന് സ്പീഡ് ബോട്ടിലെത്തി ആക്രമണത്തിനു ശ്രമിച്ച സംഘത്തിലെ നാലു പേരെ വധിച്ചതായി ക്യൂബൻ സർക്കാർ അറിയിച്ചു. ആറു പേരെ പരിക്കുകളോടെ പിടികൂടി. പത്തു പേരും അമേരിക്കയിൽ താമസിച്ചിരുന്ന ക്യൂബൻ പൗരന്മാരാണ്.
ക്യൂബയിൽ നുഴഞ്ഞുകയറി ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടായിരുന്നു ഇവരെത്തിയതെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അമേരിക്കയിലെ ഫ്ലോറിഡയിൽ രജിസ്റ്റർ ചെയ്ത ബോട്ടിലാണ് എത്തിയത്. ക്യൂബൻ അതിർത്തിയിൽ പ്രവേശിച്ച ബോട്ടിനെ തീരരക്ഷാ സേന സമീപിച്ചപ്പോൾ വെടിവയ്പുണ്ടായി. തുടർന്നാണു നാലു പേർ കൊല്ലപ്പെട്ടത്. യന്ത്രത്തോക്കുകളും സ്ഫോടകവസ്തുക്കളും ഇവരിൽനിന്നു കണ്ടെടുത്തു.
കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും തിരിച്ചറിഞ്ഞതായി ക്യൂബൻ സർക്കാർ പറഞ്ഞു. പലരും ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരേ പ്രവർത്തിച്ചതിനു ക്രിമിനൽ കേസുകൾ നേരിടുന്നവരാണ്.
യുഎസ്- ക്യൂബ ബന്ധം ഏറ്റവും വഷളായിരിക്കുന്ന സന്ദർഭത്തിലാണ് ഈ സംഭവം. അസാധാരണമായ ഈ സംഭവത്തെക്കുറിച്ച് അമേരിക്കയും അന്വേഷണം നടത്തുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.
വെനസ്വേല ക്യൂബയ്ക്ക് എണ്ണ നല്കുന്നത് അമേരിക്ക വിലക്കിയിരിക്കുകയാണ്.വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെയായിരുന്നു അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ നടപടി. എണ്ണ ലഭിക്കാത്തതു മൂലം ക്യൂബ വലിയ പ്രതിസന്ധിയാണു നേരിടുന്നത്.